Wednesday, 14 March 2012

ലോകത്തിനുവേണ്ടത് സമാധാനം

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍
ലോകത്ത് ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ മറ്റാരെക്കാളും മതനേതൃത്വത്തിനാണാവുന്നത്. ഭരണകര്‍ത്താക്കള്‍ അധികാരത്തിലേക്കും ധനാഢ്യര്‍ സമ്പത്തിലേക്കുമാണ് കാര്യമായി ശ്രദ്ധപതിപ്പിക്കുന്നത്. അവരില്‍കൂടി മാനുഷികമൂല്യങ്ങളും സദാചാര ബോധവും വളര്‍ത്തിയെടുക്കേണ്ടത് മതനേതൃത്വമാണ്. അവിവേകങ്ങള്‍ക്കും വൈകാരികതയ്ക്കുമെതിരെ ബോധനം നല്‍കി മനുഷ്യരെ വിവേകികളും മിതവാദികളും ആക്കിത്തീര്‍ക്കേണ്ടതും മതാധ്യക്ഷര്‍ തന്നെ.
ആകെ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണു ലോകക്രമം. വിഭിന്ന മതക്കാര്‍ ഭീതിയോടെയും സംശയത്തോടെയുമാണ് പരസ്പരം നോക്കക്കാണുന്നത്. ഇത്തരം ഒരവസരത്തില്‍ ഫലപ്രദമായി ഇടപെടുകയും മനുഷ്യമനസ്സുകളില്‍ ശാന്തിയും സാന്ത്വനവും സൃഷ്ടിച്ചെടുക്കുകയുമാണ് വേണ്ടത്.
അടുത്ത കാലങ്ങളില്‍, മാര്‍പ്പാപ്പമാരെല്ലാം സ്‌നേഹത്തിന്റെയും ശാന്തിയുടെയും സന്ദേശങ്ങള്‍ കൈമാറിയതായാണു നമ്മുടെ അനുഭവം. അതു പൂര്‍വ്വോപരി സംവേദനക്ഷമതയോടെ നിര്‍വ്വഹിക്കേണ്ട നിര്‍ണ്ണായക വേളയില്‍, കോളിളക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും തിരികൊളുത്തിക്കൊണ്ട് ഇപ്പോഴത്തെ മാര്‍പ്പാപ്പ ചെയ്തത് അരുതാത്തതായിപ്പോയി. ഖുര്‍ആനും പ്രവാചകവചനങ്ങളും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇസ്‌ലാം വാളുകൊണ്ടാണ് പ്രചരിച്ചതെന്നും ലോകചരിത്രം നിഷ്പക്ഷമായി പഠിക്കാത്ത ചിലര്‍ മുന്‍പും ആക്ഷേപിച്ചിട്ടുണ്ട്. ഖുര്‍ആനിലെ ഏതു വചനങ്ങളും പ്രവാചകന്റെ ഏത് ഹദീസുകളുമാണ് ഇത്തരത്തിലുള്ളത് എന്നാണ് മനസ്സിലാവാത്തത്.
മാനവികതയും കാരുണ്യവും സ്ഫുരിക്കുന്നതാണ് ഖുര്‍ആന്‍ വചനങ്ങള്‍ മുഴുക്കെ. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: നാം ആദം സന്തതികളെ ആദരിച്ചിരിക്കുന്നു. നാം നിങ്ങളെ ഒരാണില്‍നിന്നും ഒരു പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. പരസ്പരം തിരിച്ചറിയുവാനാണു നിങ്ങളെ സമുദായങ്ങളും ഗോത്രങ്ങളുമാക്കി തിരിച്ചത്. അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും ആദരണീയന്‍ ഏറ്റവു ഭക്തിയുള്ളവരാണ്. നന്മയിലും ഭക്തിയിലും നിങ്ങള്‍ പരസ്പരം സഹായിക്കുക. കുറ്റകൃത്യങ്ങളിലും ശത്രുതയിലും നിങ്ങള്‍ സഹകരിക്കരുത്. അല്ലാഹുവിനു പുറമെ അവര്‍ ആരാധിക്കുന്ന വസ്തുക്കളെ നിങ്ങള്‍ ചീത്ത പറയരുത്...
ഇസ്‌ലാമിനെ വിവേകപൂര്‍ണ്ണവും സദുപദേശസഹിതവും ബോധനം ചെയ്യാന്‍ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. എന്നാല്‍ ബലാല്‍ക്കാരമായി ആ ആശയങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ഖുര്‍ആന്‍ ഒരു സ്ഥലത്തും പറയുന്നില്ല. സന്ദേശമെത്തിക്കല്‍ മാത്രമേ തിരുനബിയുടെ ദൗത്യമായി ഖുര്‍ആന്‍ പറയുന്നുള്ളൂ. ബോധനം നല്‍കിയിട്ടും വിശ്വസിക്കാന്‍ കൂട്ടാക്കാത്തവരുടെ കാര്യത്തില്‍ മനംനൊന്തിരിക്കുന്ന നബിയെ അതിന്റെ ആവശ്യമില്ലെന്നു പറഞ്ഞു സാന്ത്വനപ്പെടുത്തുകയാണു ഖുര്‍ആന്‍. നിര്‍ബന്ധിക്കല്‍ ഈ മതത്തിത്തില്ല എന്നു തുറന്നുപറഞ്ഞ ഖുര്‍ആന്‍, തിരുനബിയോട് പ്രഖ്യാപിക്കാന്‍ കല്‍പിക്കുന്നത് ഇങ്ങനെയാണ്: നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം.
പ്രവാചകജീവിതം ആര്‍ക്കും പരിശോധിക്കാനാവുംവിധം തുറന്ന പുസ്തകമായി ഇന്നും ലോകത്ത് ലഭ്യമാണ്.
പ്രവാചകത്വം ലബ്ധിക്കു ശേഷം പതിമൂന്നു വര്‍ഷക്കാലം നബി(സ) മക്കയില്‍ ജീവിച്ചിട്ടുണ്ട്. അന്നു വിശ്വാസി സമൂഹം കൊടിയ മര്‍ദ്ദങ്ങള്‍ക്കു വിധേയരായിട്ടുണ്ട്. അപ്പോള്‍ ഒരിക്കല്‍പോലും ഒര സംഘട്ടനമോ ഒരു പ്രത്യാക്രമണമോ ഉണ്ടായതായി ഒരു ചരിത്രവുമില്ല. പീഢനങ്ങള്‍ അതിരുകടന്നപ്പോള്‍ അക്രമത്തിനൊരുങ്ങാതെ സഹചരെയും കൂട്ടി മദീനയിലേക്ക് പാലായനം ചെയ്യുകയായിരുന്നു തിരുനബി(സ). അവിടെയും സൈ്വര്യമായി ജീവിക്കാന്‍ അനുവദിക്കില്ലെന് അവസ്ഥ വന്നപ്പോഴാണ് സമരം അനിവാര്യമായി വന്നത്.
ഇങ്ങോട്ടാക്രമിച്ച ശത്രുക്കള്‍ക്കെതിരെ മാത്രമായിരുന്നു ആ സമരങ്ങളെല്ലാം. മിതവാദികളും സൗമ്യരുമായിരുന്ന അന്യമതസ്ഥരോട് നബിയും തന്റെ ഖലീഫമാരും സൗഹാര്‍ദ്ദത്തോടെ സഹവര്‍ത്തിച്ചിരുന്നു. തന്നെ സന്ദര്‍ശിക്കാന്‍ അവിടെ എത്തിച്ചേര്‍ന്ന ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്ക് അവരുടെ ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ സൗകര്യം ഒരുക്കിക്കൊടുക്കൊടുത്തിരുന്നു തിരുനബി(സ). അതിനെ ചിലര്‍ തടയാന്‍ ഒരുങ്ങിയപ്പോള്‍ അവര്‍ അത് നിര്‍വ്വഹിക്കട്ടെ എന്നായിരുന്നു അവിടുത്തെ പ്രതികരണം.
ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖ്(റ)ന്റെ കാലത്തു ക്രൈസ്തവര്‍ ഒരു ചര്‍ച്ച് നിര്‍മ്മിക്കുകയും അതില്‍ നമസ്‌കാരം നിര്‍വ്വഹിച്ച് ഉദ്ഘാടനം ചെയ്തുതരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പക്ഷേ, യാഥാര്‍ത്ഥ്യം അറിയാത്ത പിറകെവരുന്ന മുസ്‌ലിംകള്‍ അതില്‍ അവകാശവാദമുന്നയിച്ചു വര്‍ഗ്ഗീയ സംഘട്ടനം ഉണ്ടാവുമെന്ന് ദീര്‍ഘദര്‍ശനം ചെയ്ത ഖലീഫ സ്വമനസ്സാലെ അതു നിരസിക്കുകയായിരുന്നു. അതേപോലെ രണ്ടാം ഖലീഫ ഉമര്‍(റ) ജറുസലേമിലേക്ക് യാത്ര പോകുന്ന മധ്യേ അല്‍ഖിയാമ ചര്‍ച്ചിന്റെ സമീപത്തെത്തിയപ്പോള്‍ അവിടുത്തെ പാത്രിയര്‍ക്കീസ് സ്വഫര്‍നിയൂസ് അവിടെവെച്ച് നമസ്‌കരിച്ചുകൊള്ളുവാന്‍ പറഞ്ഞു. പക്ഷേ ഉമര്‍ഖത്താബ്(റ) അതേ കാരണം പറഞ്ഞ് നിരസിക്കുകയായിരുന്നു. രണ്ടാം ഉമര്‍ എന്ന പേരില്‍ ചരിത്രത്തില്‍ വിശ്രുതരായ ഉമറുബിന്‍ അബ്ദുല്‍ അസീസിന്റെ ഭരണകാലത്ത് സ്ഥലത്തെ ക്രൈസ്തവര്‍ ഒരു പരാതി പറഞ്ഞു: താങ്കളുടെ മുന്‍ഗാമി ഞങ്ങളുടെ ചര്‍ച്ചിന്റെ അല്‍പഭാഗം നിങ്ങളുടെ പള്ളിയിലേക്ക് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അവരുടെ പരാതി അംഗീകരിച്ച ഖലീഫ അത്രയും ഭാഗം അവര്‍ക്കുവേണ്ടി പൊളിച്ചുകൊടുത്തു.
താന്‍ നടന്നുപോകുന്ന വഴിയില്‍ എന്നും തൂത്തുവാരിയ ചവറുകള്‍ കൊണ്ടിടാറുള്ള ഒരു ജൂതവിശ്വാസിനി സുഖമില്ലാതെ കിടക്കുകയാണെന്നറിഞ്ഞപ്പോള്‍ അവരെ സന്ദര്‍ശിച്ചിരുന്നു തിരുനബി(സ). നജ്‌റാനിലെ ക്രൈസ്തവരുമായി നബിയുണ്ടാക്കിയ സന്ധിയില്‍ അവരുടെ ദേവാലയത്തിനു പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പുനല്‍കിയിരുന്നു. രോഗം ബാധിച്ചുകിടക്കുന്ന ജൂതനെ തിരുനബി സന്ദര്‍ശിച്ചിരുന്നു. സ്വഹാബിവര്യനായ ജാബിര്‍(റ) പറയുന്നു: ഒരിക്കല്‍ ഒരു ശവമഞ്ചം പേറി ആളുകള്‍ പോകുന്നത് കണ്ടപ്പോള്‍ തിരുനബി എഴുന്നേറ്റുനിന്നു. അപ്പോള്‍ ചില സ്വഹാബികള്‍ ചോദിച്ചു: അതൊരു ജൂതന്റെ ശവമല്ലേ നബിയേ? അതൊരു മനുഷ്യന്റെ ജഡമല്ലേ എന്നായിരുന്നു നബിയുടെ മറുപടി. മരിക്കാന്‍ നേരത്ത് തിരുനബിയുടെ പടയങ്കി ഒരു ജൂതന്റെ കൈവശം 30 സ്വാഅ് ഗോതമ്പിനു പണയത്തിലായിരുന്നു.
ഇല്ലായ്മയില്‍നിന്ന് തുടങ്ങി ഇരുപതു സാമ്രാജ്യങ്ങളുടെ അധിപനായിരുന്നപ്പോഴും വളരെ ലളിതമായാണു നബി ജീവിതം നയിച്ചത്. അപൂര്‍വ്വമായേ അവിടുത്തെ അടുപ്പുകളില്‍ തീ പുകഞ്ഞുള്ളൂ. കാരക്കയും പച്ചവെള്ളവുമായിരുന്നു മിക്കവാറും ആഹാരവസ്തുക്കള്‍. സ്വന്തമായി പലപ്പോഴും ആടിനെ കറക്കുകയും സ്വന്തമായി ചെരുപ്പ് തുന്നുകയും ചെയ്തു ജീവിച്ച നബി ഈന്തപ്പനയോലയിരായിരുന്നു കിടന്നുറങ്ങിയിരുന്നത്. ആ പായയുടെ ചുക്കുചുളിവുകള്‍ തിരുശരീരത്തിലേല്‍പ്പിച്ച പാടുകള്‍ കണ്ടിട്ട്, ഉമര്‍ ഖത്താബി(റ)നെ പോലുള്ള അനുയായികള്‍ കണ്ണീര്‍ വാര്‍ത്തിട്ടുണ്ട്. ശത്രുക്കളാല്‍ അക്രമിക്കപ്പെട്ട് ശരീരത്തില്‍ നിന്നും ചോര പൊട്ടി ഒഴുകുമ്പോഴും അല്ലാഹുവേ! ഇവര്‍ വിവരമില്ലാത്തവരാണ്. ഇവര്‍ക്ക് നീ പൊറുത്ത് കൊടുക്കണമേ എന്നാണു തിരുനബി(സ) പ്രാര്‍ത്ഥിച്ചത്. മക്കാവിജയത്തിനുശേഷം, ഒരുകാലത്ത് തന്നെയും സഹചരരെയും കൊല്ലാക്കൊല ചെയ്ത പ്രമാണിമാരെ കയ്യില്‍കിട്ടിയപ്പോള്‍ നിങ്ങളോട് പ്രതികാരമില്ല; നിങ്ങള്‍ സ്വതന്ത്രരായി പോവുക എന്നാണ് നബി അരുള്‍ ചെയ്തത്.
മാനുഷിക മൂല്യങ്ങള്‍ മാത്രം പഠിപ്പിക്കുന്ന ഖുര്‍ആനിനെയും മലരുപോലെ മനോഹരമായ തിരുനബിജീവിതത്തെയും അടുത്തറിയാന്‍ ശ്രമിക്കാതെ ചിലരെങ്കിലും തെറ്റിദ്ധരിച്ച് നടക്കുന്നു എന്നറിയുമ്പോള്‍ വ്യസനം തോന്നുന്നു. ആയുധപ്രയോഗങ്ങളിലൂടെയായിരുന്നു ഇസ്‌ലാമിന്റെ പ്രചാരം എന്ന്, ഒരു ചരിത്രസാക്ഷ്യവുമില്ലാതെ ആരോപിക്കപ്പെടുമ്പോള്‍ മനസ്സ് വേദനിക്കുന്നു. പരസ്പരം സംശയിക്കുകയും അനാവശ്യമായി ശത്രുത വച്ചുപുലര്‍ത്തുകയും ചെയ്ത് മതസമൂഹങ്ങള്‍ അകന്നകന്ന് പോകുന്നത് കാണുമ്പോള്‍ ചിത്തം അസ്വസ്ഥമാകുന്നു.
വിജ്ഞാനവും വിശുദ്ധ മനസ്സുമുള്ള ഓരോരുത്തരും അവര്‍ക്ക് സ്വാധീനിക്കാന്‍ കഴിയുന്ന ജനങ്ങളില്‍ മതസഹിഷ്ണുതയും പരസ്പര ബഹുമാനവും വളര്‍ത്തിയെടുക്കണം. നമ്മുടെ പൂര്‍വ്വികര്‍ അങ്ങിനെയായിരുന്നുവല്ലോ. ഒരു പൂങ്കാവനത്തിലെ വ്യത്യസ്ത നിറമുള്ള പൂക്കളായാണു ടാഗോറും ഇക്ബാലും ഇന്ത്യന്‍ സമൂഹങ്ങളെ വര്‍ണ്ണിച്ചത്. മതനേതാക്കളോ ഭരണാധികാരികളോ രാഷ്ട്രീയക്കാരോ മതവൈരം കത്തിച്ചുവിടുന്ന പ്രയോഗങ്ങളൊന്നും പുറപ്പെടുവിക്കാതിരിക്കലാണ് ഉചിതം. ഇസ്‌ലാം ഇന്ത്യയില്‍ യുദ്ധം ചെയ്തിട്ടില്ലെന്ന് നെഹ്‌റുവും വാളുകൊണ്ട് ഇസ്‌ലാം പ്രചരിച്ചിട്ടില്ലെന്ന് വിവേകാനന്ദസ്വാമിയും പറഞ്ഞത് നമുക്ക് പാഠമാവണം. വംശീയതയും വര്‍ഗീയതയും വലിച്ചെറിഞ്ഞ് നാം മാനുഷികതക്ക് വില കല്‍പ്പിക്കണം.
ലോകത്ത് യുദ്ധങ്ങളും കൂട്ടക്കുരുതികളും നടന്നുകൊണ്ടിരിക്കുകയാണ്. അനുദിനം ലോകം അശാന്തിയിലേക്കും അസ്വസ്ഥതയിലേക്കും കൂപ്പുകുത്തുകയാണ്. അകാരണമായി പരസ്പരം അവിശ്വസിക്കുകയും ഭയക്കുകയും ചെയ്യുന്നു. സത്യത്തില്‍, നമുക്ക് മുന്നിലുള്ളത് ഒരു നേര്‍ത്ത മറയാണ്. ആ മറയ്ക്കപ്പുറത്ത് അപകടകാരികളായ അക്രമികള്‍ നമുക്കുനേരെ ആയുധമേന്തി നില്‍ക്കുന്നുവെന്ന് നമ്മള്‍ ധരിച്ചുവശാവുന്നു. നാം ഭയക്കുന്നു, വിയര്‍ക്കുന്നു, ആ മറ നീക്കിനോക്കിയാലറിയാം, അപ്പുറത്ത് വിജനമായ മരുസ്ഥലമാണ്. അല്ലെങ്കില്‍ പൂക്കള്‍ നിറഞ്ഞ ഉദ്യാനമാണ്.
എല്ലാ മതസ്ഥരോടുമായി വിനീതമായ എന്റെ ഒരപേക്ഷ. നാമേവരും ആദമിന്റെ മക്കളാണെന്ന ഐക്യബോധം മനസ്സുകളില്‍ വേരുറപ്പിക്കുക. ഏത് മതക്കാരനായാലും ഏത് ദേശക്കാരനായാലും ഏത് വംശക്കാരനായാലും മനുഷ്യന്‍ മനുഷ്യന്‍ തന്നെയാണ്. എല്ലാവരുടെയും ശരീരത്തില്‍ ഒഴുകുന്ന രക്തം ചുവന്നതാണ്. എല്ലാ ശരീരവും ഒരുപോലെ വേദനിക്കുന്നതാണ്. മനുഷ്യനെ ആദരിക്കുക, മതങ്ങളെയും.
ഒരു ജീവിയെപ്പോലും അകാരണമായി കൊന്നുകളയല്‍ ഒരു മതവും പഠിപ്പിക്കുന്നില്ല. സൃഷ്ടികളില്‍ ശ്രേഷ്ഠനായ മനുഷ്യന്റെ കാര്യം പറയേണ്ടതില്ലല്ലോ. ആര്‍ത്തിയും അക്രമവും വര്‍ജിച്ച് നാം ഒന്നാവുക. ഭയഭക്തിയിലേക്കും ആത്മീയതയിലേക്കും മടങ്ങി ആത്മസായൂജ്യമണയുക. അരുതായ്മകള്‍ക്കെതിരെ പ്രതികരിക്കാം. പക്ഷേ നിലവിലുള്ള പ്രതിഷേധമോ പ്രത്യാക്രമണമോ ഗുണകരമല്ല. നാം പ്രകോപിതരാവുന്നു എന്നു പറഞ്ഞാല്‍ പരാജയപ്പെടുന്നുവെന്നാണര്‍ത്ഥം. പ്രകോപിതരാവാതിരിക്കുക എന്ന കലയിലാണു നാം മല്‍സരിച്ചു മികവുതെളിയിക്കേണ്ടത്.

No comments:

Post a Comment